ഓടുന്ന ട്രെയിനില്‍ ഇനി ചാടിക്കയറല്ലേ!

വെള്ളി, 8 ഓഗസ്റ്റ് 2014 (10:04 IST)
ഓടുന്ന ട്രെയിനില്‍ ഇനി ചാടിക്കയറല്ലേ. പണി പാളും. കാരണം ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ അപകടം സംഭവിച്ചാല്‍ റെയില്‍വെ നഷ്‌ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് പുതിയ നിയമം. 
 
വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വെ ഭേദഗതി നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഷ്‌ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അതാതു സ്ഥലത്തെ ട്രൈബ്യൂണലില്‍ മാത്രമാണെന്നും ഭേദഗതി വരുത്തി.
 
അശ്രദ്ധമായി നടന്നു പ്ളാറ്റ്‌ഫോമിലേക്ക് വീഴുന്നതും ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഭേദഗതി പ്രകാരം റെയില്‍വെ ഉത്തരവാദി ആയിരിക്കില്ല. ട്രെയിനിനു മുന്നില്‍ ചാടി ആത്‌മഹത്യ ചെയ്യല്‍, മറ്റു ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയ്‌ക്കും ഇനി മുതല്‍ നഷ്‌ടപരിഹാരം നല്‍കില്ല. നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഭേദഗതിയിലുണ്ട്. 
 
യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത സ്‌റ്റേഷന്‍, എവിടേക്കാണോ യാത്ര ചെയ്യുന്നത്, നഷ്‌ടം അല്ലെങ്കില്‍ അപകടം സംഭവിച്ച സ്ഥലം എന്നിവിടങ്ങളില്‍ മാത്രമെ അപേക്ഷ നല്‍കാനാവൂ. പലയിടങ്ങളില്‍ ഒരേസമയം  അപേക്ഷ നല്‍കി ഈ സൗകര്യം ദുരുപയോഗപ്പെടുത്തുന്നത് തടയാനാണിത്.

വെബ്ദുനിയ വായിക്കുക