തമിഴ്നാട് നിയമസഭയുടെ വിശ്വാസവോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍. പ്രതിപക്ഷമായ ഡി എം കെയുടെ അംഗങ്ങളെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. എം എല്‍ എമാരെ നിര്‍ബന്ധമായി പുറത്താക്കാനുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമം നിഷ്‌ഫലമായി. സുരക്ഷ ഉദ്യോഗസ്ഥരും അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനെ തുടര്‍ന്ന് സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചു. എം എല്‍ എമാരുമുണ്ടായ ഉന്തിലും തള്ളിലും വാച്ച ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു.
വിശ്വാസ വോട്ടെടുപ്പിനായി പതിനൊന്നു മണിയോടെ തമിഴ്നാട് നിയമസഭ ചേര്‍ന്നെങ്കിലും രഹസ്യബാലറ്റ് വേണമെന്ന അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ പി ധനപാല്‍ തള്ളിയതോടെ ഡി എം കെ അംഗങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു. സ്പീക്കറുടെ കസേരയും മൈക്കും ഇവര്‍ തകര്‍ത്തു. ഇതിനിടെ ഒരു എം എല്‍ എ സ്പീക്കറുടെ കസേരയില്‍ ഇരിക്കുകയും ചിലര്‍ ബെഞ്ചിനു മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു.