ഡല്‍ഹിയില്‍ ബിജെപിക്ക് ദേര സച്ച സൗദയുടെ പിന്തുണ

വ്യാഴം, 5 ഫെബ്രുവരി 2015 (17:19 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വേകള്‍ വരുന്നതിനിടെ ബിജെപിക്ക് ആശ്വാസമായി സിഖ് മതത്തിലെ ദേര സച്ച സൌദ വിഭാഗത്തിന്റെ പിന്തുണ. സംഘടനയുടെ രാഷ്‌ട്രീയ വിഭാഗം ചെയര്‍മാന്‍ രാം സിങ്ങാണ്‌ ബി.ജെ.പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ദേര സച്ച സൗദ ബിജെപിക്ക്‌ പിന്തുണ നല്‍കിയിരുന്നു.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്‌ഛ് ഭാരത്‌ ക്യാംപെയ്‌ന്‍ പോലെയുള്ള പദ്ധതികളില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്‌ റാം റഹിം സിങ്‌ തൃപ്‌തനാണ്‌. ഇതാണ്‌ ബിജെപിയെ പിന്തുണയ്‌ക്കാനുള്ള കാരണമെന്നും സംഘടന വ്യക്‌തമാക്കി. പെണ്‍ഭ്രൂണഹത്യ മയക്കുമരുന്ന്‌ എന്നീ വിപത്തുകള്‍ക്കെതിരെയുമുള്ള പ്രധാനമന്ത്രിയുടെ നിലപാടും അഭിനന്ദനാര്‍ഹമാണെന്ന്‌ ദേര സച്ച സൗദ പ്രതികരിച്ചു. ബിജെപിക്ക് വോട്ട് ചെയ്യാന്‍ സംഘടന അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി.
 
ദേര സച്ച സൗദയ്‌ക്ക് ഡല്‍ഹിയില്‍ പതിനഞ്ച്‌ ലക്ഷത്തിലധികം അനുയായികളുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം ഗുര്‍മീത്‌ റാം റഹിം സിങിനെ ആള്‍ദൈവമായി ചിത്രീകരിക്കുന്ന എം.എസ്‌.ജി: മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌ എന്ന ചിത്രത്തിന്‌ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന്‌ പ്രദര്‍ശനാനുമതി നല്‍കിയതിനു പ്രത്യുപകാരമായാണ് പിന്തുണ എന്ന് ആരോപണങ്ങളുണ്ട്. സംഭവം നേരത്തെ വിവാദമായിരുന്നു. ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നല്‍കിയതിനെ തുടര്‍ന്ന്‌ സെന്‍സര്‍ ബോര്‍ഡ്‌ അധ്യക്ഷ ലീല സാംസണും ഷാജി എന്‍ കരുണ്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളും രാജിവച്ചിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക