ഡല്‍ഹിയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് സര്‍വ്വേ
ചൊവ്വ, 11 നവംബര്‍ 2014 (12:04 IST)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വേ. എബിപി ന്യൂസ്-നീല്‍സന്‍ അഭിപ്രായ സര്‍വേയിലാണ് ഡല്‍ഹിയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളില്‍ 36 ശതമാനവും ബിജെപിക്ക് ലഭിക്കും. ആകെയുള്ള 76 സീറ്റുകളില്‍ ബിജെപി 46 സീറ്റുകള്‍ കൈക്കലാക്കുമെന്നു സര്‍വ്വേ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ച മോഡി തരംഗം ഡല്‍ഹിയിലും ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എഎപിക്ക് 18 സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ സ്ഥാനത്താണിതെന്ന പ്രത്യേകതയുമുണ്ട്.
എഎപിയുടെ വോട്ട് വിഹിതം 27 ശതമാനത്തില്‍ നിന്നും 26 ശതമാനമായി കുറയും. കോണ്‍ഗ്രസിന്റെ കഷ്ടകാലം തുടരുമെന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന. 2013ലെ തിരഞ്ഞെടുപ്പില്‍ 8 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 5 സീറ്റിലേക്കൊതുങ്ങും എന്നാണ് സര്‍വ്വേ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് കെജ്രിവാളിന്റെ പേരാണ് എല്ലാവര്‍ക്കും സ്വീകാര്യം. 39 ശതമാനം പേര്‍ അരവിന്ദ് കേജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകമെന്ന് ആഗ്രഹിക്കുന്നവരാണ്. തൊട്ടു പിന്നാലെ 2013ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖമായിരുന്ന കേന്ദ്ര ശാസ്ത്ര, സാങ്കേതിക വിദ്യ വകുപ്പു മന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രിയാകണമെന്ന് 38 ശതമാനം പേര്‍ ആഗ്രഹിക്കുന്നു.
നരേന്ദ്രമോഡിയുടെ ജനപ്രീതിയില്‍ ഇടിവ് തട്ടിയിട്ടീല്ല എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. 63% പേരാണ് മോഡിയെ മികച്ച നേതാവായി കാണുന്നത്. 25% മാത്രം പിന്തുണയുള്ള അരവിന്ദ് കേജ്രിവാളാണ് രണ്ടാമത്. മൂന്നാമതെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12% പേരുടെ പിന്തുണയോടെ ഏറെ പിന്നിലാണ്. ഡല്‍ഹിയിലെ 35 നിയമസഭാ മണ്ഡലങ്ങളിലായി 6,528 പേരാണ് നവംബര്‍ 5നും 7നും ഇടയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്.