പശു വിളവ് നശിപ്പിച്ചു; ഒമ്പതു വയസുകാരന്‍ ജയിലിലായി!
വെള്ളി, 8 ഓഗസ്റ്റ് 2014 (13:14 IST)
ക്രമസമാധാനം തകര്‍ന്നതിന് ഒമ്പത് വയസുകാരന്‍ ജയിലിലായി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസുകാരനായ കുട്ടിയെ സിആര്‍പിസി സെക്ഷന്‍ 107/116 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് തുണ്ട്‌ല പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 18 ഈ കുട്ടിയുടെ വീട്ടിലെ പശു അയല്‍ ഗ്രാമമായ കുരായിലെ വയലില്‍ കയറി വിളവുകള്‍ നശിപ്പിച്ചിരുന്നു. ഇതേ ചൊല്ലി ഈ കുട്ടിയും ഗ്രാമത്തിലെ മറ്റൊരു ബാലനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്ത് മുതിര്‍ന്നവര്‍ പ്രശ്നത്തില്‍ ഇടപെട്ടതൊടെ സംഭവം കുടുംബ വഴക്കായി.
എന്നാല്‍ സംഭവം അവിടം കൊണ്ട് നിന്നില്ല. ഇരു വീട്ടുകാരുടെയും പക്ഷത്തായി ഗ്രാമീണര്‍ ചേരിതിരിഞ്ഞതോടെ സംഗതി കൈവിട്ടുപോയി. എന്നല്‍ പ്രശ്നമുണ്ടായി ആഴ്ചകള്‍ക്ക് ശേഷമാണ് കുട്ടിയേയും പിതാവിനേയും പൊലീസ് പിടികൂടിയത്.
തങ്ങള്‍ക്ക് പറയാനുള്ള കാര്യം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പൊലീസ് ഇരുവരേയും കൂട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിയെ കസ്റ്റഡിയില്‍ വച്ചു എന്ന കാര്യം പൊലീസ് നിഷേധിച്ചു. കുട്ടിയെ തടഞ്ഞു വച്ചിട്ടില്ലെന്നും അവനെ അവന്രെ അച്ഛന്രെ കൂടെ കുറച്ച് മണിക്കൂര്‍ നേരത്തേക്ക് സ്റ്റേഷനില്‍ പിടിച്ച് ഇരുത്തുക മാത്രമാണ് ചെയ്തതെന്നും തുണ്ട്‌ല പൊലീസ് സര്‍ക്കിള്‍ ഓഫീസര്‍ കെ എസ് റാണ പറഞ്ഞു.
അതേ സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ സിആര്‍പിസി യിലെ ഗുരുതരമായ സെക്ഷനുകള്‍ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത് തെറ്റായിപ്പോയതായി അദ്ദേഹം സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മതിയായ അന്വേഷണമില്ലാതെ കുട്ടിയെ സ്റ്റേഷനിലെത്തിച്ച സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റാണ വ്യക്തമാക്കി.