വിമാനത്താവള സുരക്ഷയ്‌ക്ക് പ്രത്യേകസേന വേണ്ട: ബിസിഎഎസ്

ബുധന്‍, 24 ജൂണ്‍ 2015 (10:37 IST)
വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേകസേന വേണ്ടെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) റിപ്പോര്‍ട്ട്. സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാവില്ല. പുതിയസേന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും ബിസിഎഎസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കരിപ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തത്തിലാണ് ബിസിഎഎസ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, കരിപ്പൂര്‍ വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റിലായ 13 സിഐഎസ്എഫ് ജവാന്‍മാരെയും സസ്പെന്‍ഡ് ചെയ്തതായും സിഐഎസ്എഫ് അറിയിച്ചു. കരിപ്പൂരിലെ നഷ്ടം 55 ലക്ഷമെന്നത് കേരളം തെറ്റായി കാണിച്ചതാണന്നും വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപ മാത്രമാണന്നും സിഐഎസ്എഫ് അറിയിച്ചു.

പാര്‍ലമെന്ററി സമിതി വിഷയം ചര്‍ച്ച ചെയ്യും. കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷയില്‍നിന്ന് സിഐഎസഎഫിനെ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന നിര്‍ദേശം വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു.
കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവള സുരക്ഷ ഏറ്റെടുക്കാന്‍ കേരള പൊലീസ് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക