അതിര് മാന്താന്‍ വീണ്ടും ചൈനയെത്തി, ഇന്ത്യ തിരിച്ചോടിച്ചു
ഞായര്‍, 5 ഏപ്രില്‍ 2015 (18:39 IST)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈന കയ്യേറ്റ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 20നും 28നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യാ ചൈന അതിര്‍ത്തിയായ വടക്കന്‍ ലഡാക്കിലെ ബ്രുട്സെ, ഡെപസാങ് എന്നീ സ്ഥലങ്ങളില്‍ കടന്നുകയറാന്‍ ശ്രമിച്ചെന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സന്ദര്‍ഭോജിതമായ പ്രവര്‍ത്തനങ്ങള്‍ ചൈനയെ പിന്തിരിപ്പിക്കുകയായിരുന്നു.
അതിക്രമിച്ചു കടന്നതിനു ശേഷം ഇന്ത്യന്‍ സൈനികരെ ഈ സ്ഥലത്തു നിന്നും പിന്നോട്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതീവ ശ്രദ്ധപുലര്‍ത്തിയ ഇന്ത്യന്‍സേന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് പിന്തിരിഞ്ഞു പോണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ഇന്ത്യന്‍ അതിര്‍ത്തികളില്‍ സുരക്ഷാസേന പെട്രോളിങ് ശക്തമാക്കി. ചൈനയുടെ നീക്കം ഇന്ത്യയുടെ സൈനിക കേന്ദ്രമായ ഓള്‍ഡ് പെട്രോള്‍ പോയിന്റിലേക്ക് കടക്കാനുള്ള ശ്രമമായും വിലയിരുത്തുന്നു.
അതിര്‍ത്തി കൃത്യമായി വേര്‍തിരിച്ചിട്ടില്ലാത്ത ഈ സ്ഥലങ്ങളില്‍ പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2013 ഏപ്രിലില്‍ ഇതേ സ്ഥലത്ത് ചൈന കയ്യേറ്റ ശ്രമം നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ വന്ന സമയത്തായിരുന്നു ഈ പ്രദേശത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കയ്യേറ്റം നടത്തിയത്..