കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മൂന്ന് കള്ളപ്പണക്കാരുടെ ലിസ്‌റ്റിലുള്ള രാധ ടിംബ്ളോയും പങ്കജ് ലോധിയയും ബിജെപിക്കും കോണ്‍ഗ്രസിനും വാരിക്കോരി സംഭാവനകള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ( എഡിആര്‍ ) എന്ന സന്നദ്ധ സംഘടനയാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ വെല്ലു വിളി ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ടിംബ്ളോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍നിന്ന് 2004-12 കാലത്ത് ബിജെപിക്ക് 1.18 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ 65 ലക്ഷം രൂപ കോണ്‍ഗ്രസിനും കിട്ടി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലോധിയ ബിജെപിക്ക് 51,000 രൂപ സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ടിംബ്ളോ കമ്പനി ബിജെപിക്ക് പണം നല്‍കിയപ്പോള്‍ മൂന്നു തവണെയായി 65 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ പോക്കറ്റില്‍ വീണത്. അംഗീകാരമില്ലാത്ത ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ഏഴ് വര്‍ഷത്തിനിടെ 105 കോടിയിലധികമാണ് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.