രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി സാധാരണക്കാരോടൊപ്പമാണ് എന്നാണ് എപ്പോഴും വീമ്പിളക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിറയെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തലമുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത് നൂറുകണക്കിന് കോര്‍പ്പറേറ്റ് മേധാവികളാണ്. ഇതാദ്യമായാണ് ഇത്രയധികം കോര്‍പ്പറേറ്റ് മേധാവികള്‍ കൂട്ടത്തോടെ ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നത്.
പര്‍വീസ് ആലംഗീര്‍ (ലുഫ്ത്താന്‍സ), ഹെന്‍റി മോസ്സ് (ഖത്തര്‍ എയര്‍ലൈന്‍സ്), നീത്ത അഗര്‍വാള്‍(എ.ടി. എന്റ് ടി), ജഗ്പ്രീത് ലംബ (എയ്‌ക്കോന്‍ ഗ്രൂപ്പ്), കപില്‍ കുമാരിയ (കോര്‍പ്പറേറ്റ് അലൈന്‍സ് ഗ്രൂപ്പ്), അനില്‍ പരാശര്‍ (ഇന്റര്‍ഗ്ലോബ് ടെക്‌നോളജിസ്), നവീന്‍ തല്‍വാര്‍(ഓര്‍ത്തോപീഡിക് സര്‍ജന്‍, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍), പ്രമുഖ അഭിഭാഷകന്‍ രാജീവ് ത്യാഗി, റീഡിഫ് യു.എസ്., കാനഡ വിഭാഗം തലവന്‍ രാജീവ് ബാംബ്രി എന്നിവരേക്കൂടാതെ ബാങ്ക് ഓഫ് അമേരിക്ക, ഹണിവെല്‍, സ്‌പൈസ് ജെറ്റ്, ബോംബാര്‍ഡിയര്‍, യുടിസി, കെപിഎംജി എന്നീ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിജെപി യിലേക്ക് ചേക്കേറി എന്നാണ് സൂചനകള്‍.
യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ അനുരാഗ് താക്കൂറാണ് ഇത്രയധികം കോര്‍പ്പറേറ്റ് മേധാവികളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനായി തന്ത്രങ്ങള്‍ ഒരുക്കിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അനുരാഗ് താക്കൂറും അടങ്ങുന്ന സദസിനെ സാക്ഷിയാക്കിയാണ് 100-ലധികം വ്യവസായ പ്രമുഖര്‍ ശനിയാഴ്ച ബിജെപി യില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ തുടങ്ങിയ പുതിയ പദ്ധതികളില്‍ പങ്കാളികളായി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കോര്‍പ്പറേറ്റ് മേധാവികളോട് അമിത് ഷാ ആവശ്യപ്പെട്ടു.