ബിജെപിക്കും ആം ആദ്മിക്കും 100 രൂപ വില, കോണ്‍ഗ്രസിന് വിലയേയില്ല!

തിങ്കള്‍, 2 ഫെബ്രുവരി 2015 (09:35 IST)
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ വാതുവയ്പ്പുകാര്‍ പണം വാരാന്‍ കളത്തില്‍ ഇറങ്ങി. സംസ്ഥാനം ബിജെപി ഭരിക്കും എന്നാണ് ഭൂരിപക്ഷം വാതുവയ്പ്പുകാരും കണക്കുകൂട്ടിയിരിക്കുന്നത്. ബിജെപിക്കും ആം ആദ്മിക്കും തുല്യ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സാ‍ഹ്യചര്യത്തില്‍ രണ്ടുപാര്‍ട്ടികള്‍ക്കും വാതു തുകയായി നിശ്ചയിഞ്ച്ചിരിക്കുന്നത് നൂറു രൂപയാണ്. ബിജെപിയാണ് ജയിക്കുന്നതെങ്കില്‍ വാതുവച്ചവര്‍ക്ക് 136 രൂപ വാതുവയ്പ്പുകാര്‍ തിരിച്ചു നല്‍കും. അതേസമയം ആം ആദ്മി പാര്‍ട്ടിക്കാണെങ്കില്‍ അത് 250 രൂപയാകും എന്നതാണ് പ്രത്യേകത.
 
ബിജെപി നേതാവ് കിരണ്‍ ബേദി മുഖ്യമന്ത്രിയാകുമെന്നാണ് വാതുവയ്പുകാരില്‍ ഏറെപ്പേരുടേയും വിശ്വാസം. വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയി ആരാകുമെന്നും വാതുവയ്ക്കുന്നവരുണ്ട്. കിരണ്‍ ബേദി, അരവിന്ദ് കെജ്രിവാള്‍, അജയ് മാക്കന്‍, മനീഷ് സിസോദിയ തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വാതുവയ്പ്പുകാര്‍ സജീവമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രം അന്‍പതിനായിരം കോടിയിലേറെ രൂപ വാതുവയ്പിലൂടെ മറിഞ്ഞുവെന്നാണ് കണക്ക്.
 
ഇത്തവണ അതിനു മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസിനെ വാതുവയ്പുകാരും ഇത്തവണ കണക്കിലെടുത്തിട്ടില്ല. കോണ്‍ഗ്രസിന് ഇത്തവണ ആരും വാതുവയ്ക്കാന്‍ ധൈര്യപ്പെടില്ല എന്നതുതന്നെ കാരണം. എന്നാല്‍ വാത്‌വയ്പ്പ് കടുത്തതിനാല്‍ തലവേദന പൊലീസിനാണ്. തിരഞ്ഞെടുപ്പിനു പിന്നാലെ ക്രിക്കറ്റ് ലോകകപ്പും വരുന്ന സാഹചര്യത്തില്‍ വാതുവയ്പുകാരെ നിയന്ത്രിച്ചില്ലെങ്കില്‍ അത് പൊലീസിനു ചീത്തപ്പേരാകും. കൂടാതെ വാതുവയ്പ്പില്‍ കള്ളപ്പണവും, കള്ളനോട്ടുകളും വ്യാപകമായി ഒഴുകാന്‍ സാധ്യതയുണ്ട് എന്ന് വിവരങ്ങളുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക