കന്നുകാലി കശാപ്പ് മോദിസർക്കാർ നിരോധിച്ചു; വില്‍പ്പന കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം - അന്തർ സംസ്ഥാന വിപണനം പാടില്ല
വെള്ളി, 26 മെയ് 2017 (15:01 IST)
രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. കന്നുകാലികളെ ബലി നൽകുന്നതിനും വിലക്കേർപ്പെടുത്തി. സമ്പൂര്‍ണ്ണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്.
കന്നുകാലികളെ വിൽക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിപണന കേന്ദ്രങ്ങളിൽ നിന്നു കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് ഉറപ്പുനൽകണം. കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പനയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ആറുമാസത്തിനകം മറിച്ചുവിൽക്കാൻ പാടില്ല. തീരെ പ്രായം കുറഞ്ഞതോ
ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ല.
കന്നുകാലികളുടെ അന്തർ സംസ്ഥാന വിപണനവും നിരോധിച്ചു. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലിയെ കൊണ്ടുപോകാൻ പെർമിറ്റ് വാങ്ങണം. സംസ്ഥാന സർക്കാർ അതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണു പെർമിറ്റ് നൽകേണ്ടത്. അന്താരാഷ്ട്ര അതിർത്തിയുടെ 50 കിലോ മീറ്ററിനുള്ളിലോ സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്ററിനുള്ളിലോ കാലിച്ചന്ത സ്ഥാപിക്കാൻ പാടില്ല.
കാലിച്ചന്തകളിലെ സൗകര്യങ്ങൾ സംബന്ധിച്ചും നിരവധി വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്. മൂന്നു മാസത്തിനകം ഇതിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. കന്നുകാലി കശാപ്പ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.