കര്‍ണാടകയിലെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന ബംഗളൂരു കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുക്കപ്പെട്ട 198 ബിബിഎംപി. കോര്‍പ്പറേറ്റര്‍മാര്‍ക്ക് പുറമേ എം പി, എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികളും വോട്ടെടുപ്പില്‍ പങ്കെടുക്കും. 12 സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കോര്‍പ്പറേഷന്‍ സര്‍ക്കിളിനു സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്..
മൊത്തം 260 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ 198ല്‍ 100 സീറ്റ് ലഭിച്ചെങ്കിലും സ്ഥലത്ത് ബിജെപിക്ക് ജനപ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ മേയര്‍ സ്ഥാനം പിടിക്കുക ബിജെപിക്ക് എളുപ്പമല്ല. അതേസമയം 74 കോര്‍പ്പറേറ്റര്‍മാരുടെ മാത്രം പിന്തുണയുള്ള കോണ്‍ഗ്രസ് ജനതാദളിന്റെയും, മറ്റ് ജനപ്രതിനിധികളുടെയും പിന്‍ബലത്തില്‍ മേയര്‍ സ്ഥാനം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്.
മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ജനതാദളുമായിരിക്കും മത്സരിക്കുക. മറ്റ് സ്വതന്ത്രര്‍ക്ക് സ്റ്റാന്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. സ്വതന്ത്രന്മാരെ വശത്താക്കാന്‍ ബിജെപി തീവ്ര ശ്രമം നടത്തുന്നുണ്ട്. റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ കോര്‍പ്പറേറ്റര്‍മാരെ ഇരു പാര്‍ട്ടികളും വെള്ളിയാഴ്ച വെളുപ്പിന് മാത്രമേ ബെംഗളൂരുവിലെത്തിക്കൂ. ബി.ജെ.പി തങ്ങളുടെ കോര്‍പ്പറേറ്റര്‍മാരെ വ്യാഴാഴ്ച ബെംഗളൂരുവിനടുത്തുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഏതായാലും ഇന്ന് ഉച്ചയോടെ ഫലം വ്യക്തമാകും.