രാമജന്മഭൂമി പ്രക്ഷോഭം വീണ്ടും വരുന്നു, ആളിക്കത്തിക്കാന്‍ വിഎച്‌പിയും രംഗത്ത്
ശനി, 6 ജൂണ്‍ 2015 (12:48 IST)
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാറിലെ തീവ്ര ഹിന്ദുത്വവാദികള്‍ കടുത്ത പ്രക്ഷോഭത്തിന് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വി.എച്ച്.പി.യുടെ നേതൃത്വത്തില്‍ നിവേദനവും സമര്‍പ്പിക്കും. ഇതിനായി ജൂണ്‍ അവസാനം മോഡിയെ കാണും. രാമക്ഷേത്രത്തിനായി മോദിയെ സമ്മര്‍ദത്തിലാക്കുകയും അല്ലാത്തപക്ഷം വിഷയം ആളിക്കത്തിക്കുകയുമാണ് വി.എച്ച്.പി.യുള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ ലക്ഷ്യം.
വികസനമാണ് ക്ഷേത്രനിര്‍മാണമല്ല സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയാണ് കടുത്ത നടപടിയുമായി രംഗത്ത് വരാന്‍ വിഎച്‌പിയേയും അഖാഡ പരിഷത്തിനേയും അയോധ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മയേയും ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇവര്‍ കടുത്ത പ്രതിഷേധത്തിലാണ്. അഖാഡ പരിഷത് അധ്യക്ഷന്‍ നരേന്ദ്രഗിരിയും രാജന്മഭൂമി ന്യാസ് അധ്യക്ഷന്‍ നൃത്യഗോപാല്‍ദാസും രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തു.
തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുന്നതിന് തുടക്കംകുറിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് രാമക്ഷേത്രത്തിനായി വാദിക്കുന്നവരുടെ പൊതുനിലപാട്. ഇതേ വിഷയം ബിജെപിയിലും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വിനയ് കത്യാര്‍, അനുരാഗ് ഠാക്കൂര്‍, സാക്ഷി മഹാരാജ് തുടങ്ങിയവരും ഈ അഭിപ്രായമുള്ളവരാണ്. രാമക്ഷേത്രവിഷയത്തില്‍ പ്രധാനമന്ത്രിയും അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും രംഗത്തുവന്നിട്ടുണ്ട്.
ഏതായാലും ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും തീരുമാനം വൈകിയാല്‍ സ്വന്തമായി കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നുമാണ് സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഹിന്ദുസംഘടനകളുടെയെല്ലാം നിലപാട്. ഇതിനുമുമ്പ് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി മോഡിയെ നേരിട്ടുകണ്ട് ക്ഷേത്രനിര്‍മാണത്തിനായുള്ള നടപടികളാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ഹൈന്ദവസംഘടനകളുടെ പ്രതിനിധികള്‍ ഒപ്പിട്ട കത്ത് മോഡിക്കു കൈമാറുകയും ചെയ്യും. ഹരിദ്വാറില്‍ വിശ്വഹിന്ദുപരിഷത്തിന്റെയും രാമജന്മഭൂമി ന്യാസിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത്.