ആസാമിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് ബസ്ക ജില്ലയില്‍ നിന്ന് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേയ് ഒന്നിനു രാത്രി ആസാമിലെ ബോഡോ പ്രാദേശിക ഭരണപ്രദേശത്തു ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 32 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടന്ന ബക്സ ജില്ലയില്‍ നിന്ന് ഇന്ന് ഒമ്പതു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. പരിക്കേറ്റ 14 പേര്‍ ചികിത്സയിലാണ്. അതേസമയം കൊക്രജാറില്‍ നിന്ന് നേരത്തെ പിടികൂടിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കൊക്രജാര്‍, ബക്സ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബോഡോ തീവ്രവാദികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും ഭരണകൂടം ഉത്തരവ് നല്‍കി.
എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ബിജെപി രംഗത്ത് വന്നു. ആസാമിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൗനം പാലിക്കുന്നതായി ബിജെപി ആരോപിച്ചു.