ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

വ്യാഴം, 11 ജൂണ്‍ 2015 (11:53 IST)
ഭീകരവാദികള്‍ക്ക് ശക്തമായ താക്കീതുമായി കേന്ദ്രസര്‍ക്കാര്‍.  ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ യെമനിലായാലും ഇറാഖിലായാലും  അംഗീകരിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. മ്യാന്‍മര്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ സൈനിക നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്ത്യയുടെ മ്യാന്‍മര്‍ ഓപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉത്തരവ് പ്രകാരമാണ് മ്യാന്‍മറില്‍ അതിര്‍ത്തി കടന്ന് സൈനിക നടപടി നടത്തിയതെന്നും. ഭീകരര്‍ക്ക് അഭയം നല്‍കുന്ന അയല്‍രാഷ്ട്രങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാകിസ്താനെ മ്യാന്‍മറായി തെറ്റിദ്ധരിക്കേണ്ടെന്നും പാകിസ്താനെ കുറിച്ച് മോശം ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ കണ്ണും കാതും തുറന്നിടണമെന്നും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി പറഞ്ഞു. പാകിസ്താന്‍ സൈന്യം എന്ത് സാഹസികതയോടും പ്രതികരിക്കാന്‍ സജ്ജമാണെന്നും ചൗധരി നിസാര്‍ പറഞ്ഞു. അതിനിടെ മ്യാന്‍മറിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം തീവ്രവാദ സംഘടനയായ എന്‍എസ്‌സിഎന്‍കെ തള്ളി.  മണിപ്പൂരിലെ തീവ്രവാദ സംഘടനകള്‍ക്ക് ചൈനീസ് സൈന്യം സഹായം ചെയ്യുന്നുവെന്ന ആരോപണം ചൈന നിഷേധിച്ചു. അത്തരം ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ചൈന അറിയിച്ചു.


വെബ്ദുനിയ വായിക്കുക