അമിത് ഷായുടെ ബിഹാറിലെ മോഹങ്ങള്‍ വാടിക്കരിയുമോ? ബിജെപി അധികാരത്തിലെത്തില്ലെന്ന് സൂചന

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (12:23 IST)
വരുന്ന ഒക്ടോബര്‍ 12ന് നടക്കാന്‍ പോകുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആഗ്രഹങ്ങള്‍ സഫലമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ ബിജെപി ബിഹാറില്‍ അധികാരത്തിലെത്തില്ലെന്നാണ് പറയുന്നത്.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നയിക്കുന്ന മാഹസഖ്യത്തില്‍ കോണ്‍ഗ്രസും കൂടി ചേരുന്നതോടെ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നും അത് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ ബിഹാര്‍ ജാതി രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരികെ പോവുകയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ആശങ്കപ്പെടുന്നത്. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിഹാറികള്‍ക്ക് താല്‍പ്പര്യമെന്നും സര്‍വ്വേ പറയുന്നു.

243 അംഗ നിയമസഭയില്‍ ഭരണം ലഭിക്കാന്‍ 125 സീറ്റെങ്കിലും വേണം. നിലവില്‍ ബിജെപിയോടൊപ്പം രാം വിലാസ് പസ്വാന്റെ എല്‍പ്പ്ജെപിയും, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുമുണ്ട്. ഇരുവരും കൂടി പിടിക്കുന്ന ദളിത് വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിവരം. മഹാദളിത് വോട്ടുകള്‍ മാഞ്ചി പിടിച്ചാല്‍ അത് ബിജെപിക്കാകും ഗുണം ചെയ്യുക. എന്നാല്‍ സീറ്റുവിഭജനമടക്കം പൂര്‍ത്തിയാക്കി ജനതാ പരിവാര്‍ മഹാ സഖ്യം പ്രചാരണം തുടങ്ങിയതിനാല്‍ മുന്‍‌തൂക്കം അവര്‍ക്കാകും ലഭികികുക. എന്നാല്‍ ബിജെപിക്ക് 100നു മുകളില്‍ സീറ്റെങ്കില്ലും ലഭിക്കുമെന്നാണ് സര്‍വ്വേക്കള്‍ പറയുന്നത്.

ബിജെപിയാകട്ടെ എല്‍‌ജെപിയുമായും മാഞ്ചിയുമായും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പൊതുവായ രൂപം ഉണ്ടായിട്ടില്ല. ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നിതീഷുമായി തെറ്റിപ്പിരിഞ്ഞ നിതിന്‍ റാം മാഞ്ചിയുമായി ധാരണയിലെത്താനുള്ള അവസാനഘട്ട ചര്‍ച്ചയിലാണ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെ പഴുതുകള്‍ അടച്ചുള്ള പ്രചാരണങ്ങള്‍ക്കാണ് ബീഹാറില്‍ മുന്നണികള്‍ തുടക്കമിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക