മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക; പിടിക്കപ്പെട്ടാല്‍ പതിനായിരം രൂപ പിഴ
വ്യാഴം, 4 ഓഗസ്റ്റ് 2016 (07:43 IST)
മദ്യപിച്ച് വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ പതിനായിരം രൂപ പിഴ അടക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ഇത്തരത്തില്‍ വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പിഴ തുക അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിച്ചത്.
ഈ പ്രവണത് രണ്ടാം തവണയും ആവര്‍ത്തിച്ച് പിടിക്കപ്പെട്ടാല്‍ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷത്തെ തടവു ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. അതിനുപുറമേ ഒരു വര്‍ഷത്തേക്ക് വാഹനം തടഞ്ഞുവെക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഒന്നില്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിക്കല്‍ എന്നീ കൃത്യങ്ങള്‍ക്കും കര്‍ശനമായ നടപടിയും കനത്ത തുക പിഴയും അടക്കേണ്ടിവരുമെന്നു അധികൃതര്‍ വ്യക്തമാക്കി.