ഇന്നും നാളെയും ബാങ്ക് അവധി; എടിഎമ്മുകളും കാലി

ശനി, 24 ഡിസം‌ബര്‍ 2016 (10:12 IST)
കടുത്ത നോട്ടു ക്ഷാമത്തിനു പുറമെ ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണമുള്ളത്. നാളെ ക്രിസ്തുമസ് കൂടി ആയതിനാല്‍ പണം കിട്ടാതെ ജനങ്ങള്‍ വലയുമെന്ന സ്ഥിതിയാണ് സംജാതമാകുക. 
 
ഇന്നലെ പല എടി‌എമ്മുകളിലും പണം നിറച്ചിരുന്നു. എന്നാല്‍ അതില്‍ പലതും ഇന്നലെ രാത്രിയോടെതന്നെ കാലിയായ സ്ഥിയാണുള്ളത്. ബാങ്കുകള്‍ നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ ഇന്നും നാളെയുമായി പണം തീര്‍ന്നാല്‍ പകരം നിറയ്ക്കില്ല. പുറംകരാര്‍ എടുത്തിട്ടുള്ള ചുരുക്കം എടിഎമ്മുകളില്‍ മാത്രമാകും വീണ്ടും പണം നിറയ്ക്കുകയെന്നാണ് വിവരം.
 
ഇന്നും നാളെയും പണം എടിഎമ്മുകളിൽ ഉണ്ടാകില്ലെന്നു മിക്ക ബാങ്കുകളും രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള എസ്ബിടിയുടെ മുക്കാല്‍ എടി‌എമ്മുകളിലും ശാഖകളാണു പണം നിറയ്ക്കുന്നത്. ക്ഷാമമില്ലാത്ത 2000 രൂപയാണ് എടിഎമ്മുകളിൽ ഇപ്പോൾ കൂടുതൽ ബാങ്കുകളിലും നിറച്ചിരിക്കുന്നത്. 
 
നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ നിത്യേന 250 കോടി രൂപയാണ് എടിഎമ്മുകളില്‍ എസ്ബിടി നിറച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആവശ്യത്തിനു നോട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ വെറും 40 കോടി രൂപമാത്രമാണ് ഒരോ ദിവസവും നിറയ്ക്കുന്നതെന്നും ബുദ്ധിമുട്ട് രൂക്ഷമാകാന്‍ കാരണമാകുകയാണ്.

വെബ്ദുനിയ വായിക്കുക