കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരുടെ ശവപറമ്പാകുന്നു; പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 122 പോലീസുകാര്‍

ചൊവ്വ, 12 ജൂലൈ 2016 (14:10 IST)
ഒരാഴ്ചയ്ക്കിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത കര്‍ണ്ണാടകയില്‍ പോലീസുകാരുടെ ആത്മഹത്യ കണക്കുകള്‍ ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടയെ ആത്മഹത്യ ചെയ്തത് നൂറ്റി ഇരുപത്തി രണ്ടോളം പൊലീസുകാര്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. 2003 നും 2013 നും ഇടയിലുള്ള കണക്കുകള്‍ മാത്രമാണ് ഇത്.  2013 മുതല്‍ 16 വരെയുള്ള കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പട്ടിക ഇനിയും നീളും. 
 
ഓരോ വര്‍ഷവും പന്ത്രണ്ടോളം പൊലീസ് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. 2003 ല്‍ ഒന്‍പതും 2013 ല്‍ പതിനഞ്ചും പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. 2007 ലാണ് ഏറ്റവും അധികം ജീവനക്കാര്‍ മരിച്ചത്. 27 ഓളം പേര്‍. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും. പീഡനവും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നാണ് സൂചന.
 
കഴിഞ്ഞ ആഴ്ച അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. കൊടക് ജില്ലയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം കെ ഗണപതിയും ബേല്‍ഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗുമാണ് ആത്മഹത്യ ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക