‘സല്‍മാന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്’ - കമാല്‍ ഖാന്‍ മൊഴി നല്കിയിരുന്നു

ശനി, 9 മെയ് 2015 (15:55 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റോഡരികില്‍ ഉറങ്ങിക്കിടന്നയാളുടെ മേല്‍ വാഹനം കയറ്റി കൊന്ന കേസില്‍ പ്രതിഭാഗത്തിന്റെ വാദം പൊളിയുന്നു. അപകടം നടക്കുമ്പോള്‍ സല്‍മാന് ഒപ്പം കാറില്‍ ഉണ്ടായിരുന്ന ഗായകനും നടനുമായ കമാല്‍ ഖാന്റെ മൊഴി വിചാരണയ്ക്കിടയില്‍ എടുത്തില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
 
കമാല്‍ ഖാന്റെ മൊഴി വിചാരണയ്ക്കിടയില്‍ എടുത്തില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് കമാല്‍ ഖാനെ വിചാരണ ചെയ്തില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഈ വീഴ്ച പരിഗണിച്ചായിരുന്നു സല്‍മാന് അനുകൂലമായ കോടതി വിധി വന്നത്.
 
എന്നാല്‍, ഈ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കമാല്‍ ഖാന്‍ മൊഴി നല്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് സംഭവത്തിനു ശേഷം സല്‍മാന്‍ ഖാന്റെ ഉറ്റസുഹൃത്തും സംഭവസമയത്ത് സല്‍മാനൊപ്പം കാറില്‍ ഒപ്പം ഉണ്ടായിരുന്ന കമാല്‍ ഖാന്‍ നല്കിയ മൊഴി പുറത്തു വിട്ടിരിക്കുന്നത്.
 
സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്നായിരുന്നു കമാല്‍ ഖാന്‍ അന്ന് മൊഴി നല്‍കിയത്. എന്നാല്‍, ഈ മൊഴി പ്രോസിക്യൂഷന്‍ തെളിവായി സ്വീകരിക്കാനോ ഈ നിര്‍ണായക സാക്ഷിയുടെ വിചാരണ നടത്താനോ തയ്യാറായില്ല. 
 
ഹിന്ദുസ്ഥാന്‍ ടൈസ് പുറത്തുവിട്ട കമാല്‍ ഖാന്റെ മൊഴിയുടെ ചുരുക്കം ഇങ്ങനെ:
 
കമാല്‍ ഖാന്‍ മുഹമ്മദ് അബ്ദുല്‍ ഖാന്‍. പ്രായം: 33. ജോലി: ഗായകന്‍. വിലാസം: പര്‍ശുറാം പുരിയാര്‍ ടവര്‍, യമുന നഗര്‍, ഓഷിവാര, അന്ധേരി, മുംബൈ രണ്ട്. 2002 ജൂണ്‍ വരെ ഈ വിലാസത്തിലാണ് താമസിച്ചിരുന്നത്. 2003വരെയുള്ള വിസ തനിക്കുണ്ടെന്നും തന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് ആണെന്നും കമാല്‍ വ്യക്തമാക്കുന്നു. സല്‍മാന്‍ ഖാനെ 1988 മുതല്‍ അറിയാം. സല്‍മാന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി പരിചയമുണ്ട്. 2002 സെപ്തംബര്‍ ഏഴിന് രാത്രി താന്‍ സല്‍മാന്റെ വസതിയില്‍ ചെന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. 
 
സല്‍മാനും അംഗരക്ഷകനും താനും ഒരു ലാന്റ് ക്രൂയിസര്‍ വണ്ടിയില്‍ ജുഹുവിലെ റെയിന്‍ ഹോട്ടലില്‍ എത്തി. സല്‍മാന്റെ സഹോദരന്‍ സുഹൈലും അംഗരക്ഷകനും മറ്റൊരു വണ്ടിയില്‍ വന്നു. അവിടെ നല്ല തിരക്കായിരുന്നു. സ്നാക്സ് കഴിച്ചതിനു ശേഷം അവിടെ നിന്ന് മാരിയറ്റ് ഹോട്ടലിലേക്ക് പോയി. കുറച്ചുസമയം അവിടെ ചെലവഴിച്ച ശേഷം സല്‍മാന്റെ വീട്ടിലേക്ക് തിരിച്ചു. ഡ്രൈവ് ചെയ്തത് സല്‍മാന്‍ ആയിരുന്നു. സെന്റ് ആന്‍ഡ്രൂ റോഡില്‍ നിന്ന് ഹില്‍ റോഡില്‍, വലതു വശത്തേക്കുള്ള ഒരു വളവിലെത്തിയപ്പോള്‍ സല്‍മാന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന്, ഒരു കെട്ടിടത്തിന്റെ പടവിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു.
 
ആളുകള്‍ ബഹളം വെച്ചു. സല്‍മാന്‍ പുറത്തിറങ്ങണം എന്നു പറഞ്ഞു. അംഗരക്ഷന്‍ താന്‍ പൊലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ ജനക്കൂട്ടം അടങ്ങി. പരുക്കേറ്റവരെ ആ സമയത്ത് ആശുപത്രിയിലേക്ക് മാറ്റുന്നുണ്ടായിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ തനിക്ക് അവിടെ വെച്ച് നഷ്‌ടമായി. സല്‍മാന്റെ വീട്ടിലേക്ക് ഓടിയ താന്‍ കാവല്‍ക്കാരനെ വിവരം അറിയിക്കുകയും എത്രയും പെട്ടെന്ന് സുഹൈലിനെ വിവരം അറിയിക്കാന്‍ ഏല്പിക്കുകയും ചെയ്തു. അതിനു ശേഷം താന്‍ വീട്ടിലേക്കും പിന്നെ ലോണാവലയിലേക്കും പോയെന്നും മൊഴിയില്‍ കമാല്‍ ഖാന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക