ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരാന്‍ എസ്.എഫ്.ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതു പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് അടക്കം എസ്.എഫ്.ഐ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്.
ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. ക്യാംപസില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനര്‍ ഇന്നലെ ഗവര്‍ണര്‍ അഴിപ്പിച്ചിരുന്നു. അതിനു പിന്നാലെ കൂടുതല്‍ ബാനറുകള്‍ സ്ഥാപിച്ചാണ് എസ്.എഫ്.ഐ തിരിച്ചടിച്ചത്. രാത്രി ഏറെ വൈകിയും യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം തുടര്‍ന്നു.
വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില താളം തെറ്റിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. എസ്.എഫ്.ഐ നടത്തുന്ന സമരത്തിനൊപ്പം ഡി.വൈ.എഫ്.ഐ കൂടി ഗവര്‍ണര്‍ക്കെതിരെ പരസ്യ സമരത്തിനിറങ്ങും. 'സംഘി ഗവര്‍ണര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമായി സംസ്ഥാനത്തെ രണ്ടായിരത്തില്‍ അധികം കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും.