വയനാട് ചുരത്തിനു മുകളിലൂടെ പക്ഷിയെപ്പോലെ പറക്കണോ? ഇതാ അവസരം!

ബുധന്‍, 22 മാര്‍ച്ച് 2017 (08:30 IST)
വയനാട് ചുരത്തിനു മുകളിലൂടെ പക്ഷിയെപ്പോലെ പറക്കണോ?. സ്വപ്നം കാണാൻ മാത്രമല്ല അത് നടക്കാനും സാധ്യതയുണ്ട്. ചുരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് പറക്കാനുള്ള പദ്ധതികൾ തകൃതിയായി നടക്കുകയാണ്. വയനാട് റോപ് വേ എന്നു പേരിട്ടിട്ടുള്ള കേബിള്‍ കാര്‍ പദ്ധതിയാണ് ലക്കിടി മുതല്‍ അടിവാരം വരെ തുടങ്ങുന്നത്.  
 
വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഈ പദ്ധതിക്കുപിന്നില്‍. പദ്ധതിയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായി. ഇനി വിശദമായ സര്‍വേ നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനു കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിച്ചു. ഏപ്രില്‍ 15-ന് ദുബായില്‍ നടക്കുന്ന സംരംഭക സംഗമത്തോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
 
വയനാട് ചുരം യാത്ര വെറും 18 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. വയനാട് റോപ് വേ വന്നാൽ ജില്ലയിൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകും. റോപ് വേയ്ക്ക് താഴെ പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് ചുരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കും.  

വെബ്ദുനിയ വായിക്കുക