വാട്‌സ് ആപ് ഹര്‍ത്താല്‍: തീവ്ര സംഘടനകള്‍ കുടുങ്ങും, അഴിക്കുള്ളില്‍ 895 പേര്‍ - പിടിയിലായവരില്‍ കൂടുതലും എസ്‌ഡിപിഐ പ്രവര്‍ത്തകര്‍
ചൊവ്വ, 17 ഏപ്രില്‍ 2018 (19:10 IST)
ജമ്മു കശ്‌മീരിലെ കത്തുവയയില്‍ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്‌ച നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം.
തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്‍നാഥ് ബെഹ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിലേതുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്താണ് അന്വേഷണസംഘം രൂപീകരിച്ചത്.
അക്രമങ്ങള്‍ക്ക് പിന്നില്‍ വ്യക്തികളോ സംഘടനകളോ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം മാധ്യമങ്ങളെ ഹര്‍ത്താലിന് അനുകൂലമായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യവും അന്വേഷിക്കും.
വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തെക്കുറിച്ചും അന്വേഷിക്കും. സംഘടിത അക്രമത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസുകള്‍.
കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരും
എസ്ഡിപിഐക്കാരാണ്. പാലക്കാട് 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരില്‍ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടില്‍ 41 പേരും അറസ്‌റ്റിലായി. 60ലധികം കേസുകളും രജിസ്റ്റര്‍ ചെയ്തു.
അതേസമയം, ഹർത്താലിലുണ്ടായ ആക്രമണങ്ങൾ സംശയാസ്പദമാണെന്ന് എസ്ഡിപിഐ വ്യക്തമാക്കി.