മാണി അഴിമതി വീരൻ, ലീഗ് വർഗീയ പാർട്ടിയും; ഇരുവരെയും സിപിഎമ്മിന് വേണ്ട - പാളയം വിപുലീകരിക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് തടയിട്ട് വിഎസ്
കെഎം മാണിയുടെ കേരളാ കോൺഗ്രസുമായും മുസ്ലീം ലീഗുമായും സഹകരിക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. കേരളാ കോൺഗ്രസുമായും മുസ്ലിം ലീഗുമായും യോജിക്കാനാകില്ല. മാണി അഴിമതി വീരനാണ്. മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയും. ഇത്തരം പാർട്ടികളുമായി യോജിക്കാൻ സിപിഎമ്മിന് സാധിക്കില്ലെന്നും വിഎസ് പറഞ്ഞു.
മാണി യുഡിഎഫ് വിട്ട സാഹചര്യത്തിൽ അദ്ദേഹത്തെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രസ്‌താവന നടത്തിയിരുന്നു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ നിലപാട് ആവർത്തിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് വിഎസ് എതിർപ്പുമായി രംഗത്തെത്തിയത്.
സ്വന്തം നിലനിൽപ് എല്ലാവരുടെയും പ്രശ്നമാണെന്നും യുഡിഎഫ് നന്നാകില്ലെന്നു കണ്ടാൽ ലീഗിനു ആശങ്കയുണ്ടാകുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയപ്പോള്‍ കോടിയേരിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌തായിരുന്നു മാണി സംസാരിച്ചത്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിട്ടു കൊണ്ടാണ് വി എസ് രംഗത്തെത്തിയത്.