വി എസിന് കാബിനറ്റ് പദവി, സ്വതന്ത്രാധികാരം; പി ബിയിൽ തീരുമാനമായി

തിങ്കള്‍, 30 മെയ് 2016 (14:57 IST)
മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന് നൽകേണ്ട പദവിയുടെ കാര്യത്തിൽ സി പി എം പൊളിറ്റിക് ബ്യൂറോയിൽ തീരുമാനമായി. വി എസിന് കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാനാണ് ഇന്ന് ചേർന്ന പി ബി യോഗത്തിൽ തീരുമാനമായത്. കാബിനെറ്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും നിലനിൽക്കുന്ന രീതിയിലുള്ള പദവിയാണ് നൽകുന്നത്.
 
സ്വതന്ത്ര അധികാരമുള്ള പദവിയായിരിക്കും വി എസിന് നൽകുക. വി എസിന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകേണ്ടി വരില്ല. കാബിനെറ്റ് പദവി ആണെങ്കിലും ഉപദേശ സ്ഥാനം മാത്രമായിരിക്കും വി എസിന് ഉണ്ടാവുക. എൽ ഡി എഫ് ചെയർമാൻ സ്ഥാനം ചർച്ച ചെയ്തില്ല. നിയമസാധ്യത പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
 
വി എസിനെ മറികടന്ന് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ വി എസിന് ഉചിതമായ പദവി നല്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യം പോളിറ്റ് ബ്യൂറോയില്‍ തീരുമാനിക്കുമെന്ന് അറിയിക്കുകയായിരുന്നു. പി ബി തീരുമാനമെടുത്താലും സംസ്ഥാന സര്‍ക്കാര്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

വെബ്ദുനിയ വായിക്കുക