സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് സുധീരന്‍

തിങ്കള്‍, 4 ഏപ്രില്‍ 2016 (09:04 IST)
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
താന്‍ ഉന്നയിച്ച കാര്യങ്ങളുടെ ഗൌരവം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, നടപ്പാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടായേക്കാം. തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
 
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് എന്താണോ പറയുന്നത് അത് പൂര്‍ണമായും അംഗീകരിക്കും. ഇത് ആരുടെയും ജയമോ പരാജയമോ അല്ലെന്നും സുധീരന്‍ വ്യക്തമാക്കി.
 
അതേസമയം, സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങിയതായാണ് റിപ്പോര്‍ട്ട്. കോന്നിയില്‍ അടൂര്‍ പ്രകാശും തൃപ്പുണ്ണിത്തുറയില്‍ കെ ബാബുവും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും സീറ്റുകളും സംബന്ധിച്ച അന്തിമപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക