ജേക്കബ് തോമസ് പിടിമുറുക്കുന്നു; ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ്, അതീവ രഹസ്യമായി വിജിലൻസിന്റെ റെയ്ഡ്

വെള്ളി, 28 ഒക്‌ടോബര്‍ 2016 (09:16 IST)
അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലൻസ് കേസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ടോം ജോസിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ള അദ്ദേഹത്തിന്റെ ഫ്ലാറ്റുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. 
 
എറണാകുളം വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. സ്പെഷ്യൽ സെൽ ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. 
 
നിലവിൽ ടോം ജോസിനെതിരെ രണ്ട് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ വക പുതിയ കേസ്. ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ ഇതുവരെ വിധിവന്നിട്ടില്ല. അതേസമയം, ചില ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളുടെ പരാതിയിലാണ് നടപടിയെന്നും വ്യക്തമായി പിന്നീട് പ്രതികരിക്കാമെന്നും ടോം ജോസ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക