വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല; വിഎസിന്റെ മകൻ വി എ അരുൺ കുമാറിനെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (10:57 IST)
വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെതിരെ വിജിലൻസ് കേസ് എടുക്കാമെന്ന് നിയമോപദേശം. അനധികൃത സ്വത്തുസമ്പാദനം, വിദേശയാത്ര എന്നിവ അന്വേഷിച്ച വിജിലൻസ് സംഘം അരുണിനെതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടിയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.  
 
വി.എ.അരുൺ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിജിലൻസ് സ്പെഷൽ സെൽ എസ് പി രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായുള്ള നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്. 
 
ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായിരിക്കെ വി.എ.അരുൺകുമാർ മക്കാവൂ, ലണ്ടൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിള്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൂടാതെ കയർഫെഡ് എംഡിയായിരിക്കെ വന്‍ ക്രമക്കേടുകൾ നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.

വെബ്ദുനിയ വായിക്കുക