കോടതി വിറപ്പിച്ചു, വിജിലന്‍‌സ് സടകുടഞ്ഞെണീറ്റതോടെ ജയരാജന്‍ ഒന്നാം പ്രതി - ജേക്കബ് തോമസിന്റെ ചുവപ്പ് കാര്‍ഡ് കളി ഇങ്ങനെ

വെള്ളി, 6 ജനുവരി 2017 (18:52 IST)
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

ചെവ്വാഴ്‌ചയാണ് വിജിലന്‍‌സിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്. തോട്ടണ്ടി ഇറക്കുമതി നടത്തിയതിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ ചോദ്യം ചെയ്‌തത്.

മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം വൈകുന്നത് എന്തു കൊണ്ടാണെന്നാണ് കോടതി രൂക്ഷമായി ചോദിച്ചത്. മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ അന്വേഷണം വൈകുന്നുവെന്നും ഇത് തെറ്റായ കീഴ്‍വഴക്കമാണെന്നും കോടതി പറഞ്ഞതോടെയാണ് വിജിലന്‍‌സ് ഡയറക്‍ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചത്.

വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്നും. യൂണിറ്റുകളിൽ എത്തുന്ന പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാമെന്നും ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ വിജിലൻസ് ഡയറക്ടർ ചെവ്വാഴ്‌ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് ജയരാജനെതിരെയുള്ള നടപടികള്‍ വിജിലന്‍‌സ് വേഗത്തിലാക്കിയത്.

ജയരാജനെതിരായ പ്രാഥമിക പരിശോധനാ റിപ്പോർട്ട് തിരുവനന്തപുരം വിജിലന്‍‌സ് കോടതി ശനിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് അതിവേഗത്തിലുള്ള ഈ നീക്കമുണ്ടായത്. എന്തുകൊണ്ടാണ് നടപടി ക്രമങ്ങള്‍ വൈകുന്നതെന്നും നിലവിലെ പ്രധാന കേസുകള്‍ക്ക് എന്താണ് സംഭവിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥരോട് ജേക്കബ് തോമസ് ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബന്ധുനിയമനത്തില്‍ പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാർ രണ്ടാംപ്രതിയും വ്യവസായ വകുപ്പ് അഡീ ചീഫ് സെക്രട്ടറി പോൾ ആന്റണി മൂന്നാം പ്രതിയുമാകും. കൂടുതൽ രേഖകൾ ശേഖരിച്ചുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുക്കുന്നതെന്നും വിജിലൻസ് അറിയിച്ചു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.

വെബ്ദുനിയ വായിക്കുക