കൈക്കൂലിയായി ലഭിച്ച 870 രൂപയുമായി വെഹിക്കിൾ ഇൻസ്പെക്ടർ ഓടി, പിന്നാലെ വിജിലന്‍സും; കണ്ടെത്തിയത് വന്‍ ക്രമക്കേട്
ശനി, 22 ജൂണ്‍ 2019 (15:50 IST)
മിന്നൽ പരിശോധനയ്‌ക്ക് എത്തിയ വിജിലൻസ് സംഘം പിടികൂടാതിരിക്കാന്‍ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) കൈക്കൂലിയായി ലഭിച്ച പണവുമായി ഓഫീസില്‍ നിന്നിറങ്ങി ഓടി. കോട്ടയം ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥനായ ഇ ഇ ഷാജിയാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് റെയ്‌ഡിന് എത്തിയതറിഞ്ഞ് ഷാജി ഓഫീസില്‍ നിന്ന് പണവുമായി ഇറങ്ങി ഓടുകയായിരുന്നു.
ഓട്ടത്തിനിടെ പണം ഓഫീസിന് സമീപത്തുള്ള ചായക്കാരനെ ഏല്‍പ്പിക്കാന്‍ ഷാജി ശ്രമിച്ചു. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചായ വിൽപ്പനക്കാരന്‍ പണം വാങ്ങിയില്ല. ഇവിടെ നിന്നും രക്ഷപ്പെട്ട ഷാജി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസിൽ കയറി അലമാരയ്ക്ക് പിന്നിൽ പണം ഒളിപ്പിച്ച ശേഷം രക്ഷപ്പെട്ടു.
പിന്നാലെ എത്തിയ വിജിലൻസ് സംഘം ഒളിപ്പിച്ചുവച്ച 870 രൂപ തഹസിൽദാറുടെ സാന്നിധ്യത്തിൽ കണ്ടെടുത്തു. പരിശോധനയില്‍ ആർടി ഓഫീസില്‍ നിന്നും കൂടുതല്‍ പണം കണ്ടെത്തി. ഫയലുകളില്‍ ഒളിപ്പിച്ച നിലയില്‍ പതിനായിരം രൂപയുണ്ടായിരുന്നു. കൈക്കൂലി വാങ്ങുന്നതടക്കം നിയമങ്ങള്‍ ലഘിച്ചുള്ള നിരവധി ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തി.