കോട്ടയം ജില്ലയില്‍ പച്ചക്കറി കൃഷികാര്യക്ഷമമാക്കാന്‍ 334 ലക്ഷം രൂപയുടെ ബൃഹത് പദ്ധതി ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തേക്കുളള സമഗ്രപച്ചക്കറി കൃഷിയ്ക്കാണ് ഭരണാനുമതിയും തുകയും. പുരയിടങ്ങളില്‍ കൃഷിക്കായി 20 രൂപ വിലയുളള 295000 വിത്ത് പായ്ക്കറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 35700 കിറ്റുകള്‍ വീട്ടമ്മമാര്‍ക്കും സൗജന്യമായി നല്‍കും.
കൂടാതെ പച്ചക്കറി തൈകളും വിതരണം ചെയ്യും. ഗ്രോബാഗുകള്‍ 75 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭിക്കും. സ്‌കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുവാന്‍ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ പരിശീലനം നല്‍കി 4000 രൂപ സഹായവും ജലസേചന യൂണിറ്റുകള്‍ സ്ഥാപിക്കുവാനായി 10,000 രൂപയും നല്‍കും.
ഇതിനൊപ്പം പ്രോജക്ട് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനത്തില്‍ കൃഷി ചെയ്യുന്നതിന് സഹായവുമുണ്ടാകും. ക്ലസ്റ്ററുകളുടെ ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ 15 കര്‍ഷകരെങ്കിലും അടങ്ങുന്ന 5 ഹെക്ടര്‍ കൃഷി ചെയ്യുന്നതിന് ജലസേചന പമ്പ് സെറ്റ്, സസ്യസംരക്ഷണ ഉപകരണം ഇവയ്ക്കായുളള സഹായം നല്‍കും.
ഗ്രേഡിംങ്ങിന്റെ അടിസ്ഥാനത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററുകള്‍ക്ക് 6.3 ലക്ഷം രൂപയുടെ ധനസഹായമുണ്ട്. ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതികള്‍ക്ക് 10 ലക്ഷം ധനസഹായവും മഴമറ സ്ഥാപിച്ച് കൃഷി ചെയ്യുന്നതിന് ധനസഹായം 75 ശതമാനം വരെ സബ്‌സിഡിയോടുകൂടിയും നല്‍കും. ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടണം - ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.