വാളയാര്‍ സഹോദരികളുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തും: മുഖ്യമന്ത്രി

ബുധന്‍, 8 മാര്‍ച്ച് 2017 (11:41 IST)
വാളയാര്‍ സഹോദരികളുടെ മരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മരണത്തിനു പിന്നിൽ ആരായാലും അവര്‍ക്കെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.
 
വാളയാറിലെ കുട്ടികളുടെ മരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ എംഎൽഎ നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാളയാറിലെ രണ്ടാമത്തെ കുട്ടി ശരണ്യയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ. മുരളീധരൻ പറഞ്ഞു. പൊലീസ് ജാഗ്രത കുറവ് കാണിച്ചതാണ് ശരണ്യയുടെ മരണത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അതിനാല്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
 
അതേസമയം, പീഡനവാർത്തകൾ സമൂഹത്തിൽ കടുത്ത ആഘാതമുണ്ടാക്കുന്നുവെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സഭയില്‍ സൂചിപ്പിച്ചു.

വെബ്ദുനിയ വായിക്കുക