വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസ്: അന്വേഷണം രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ്; ജയന്തനില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും

തിങ്കള്‍, 7 നവം‌ബര്‍ 2016 (08:25 IST)
വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നഗരസഭ കൌണ്‍സിലര്‍ ജയന്തനില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. കഴിഞ്ഞദിവസം യുവതിയുടെ മൊഴി അന്വേഷണസംഘം എടുത്തിരുന്നു. കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥ എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
 
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ യുവതി മൊഴിയെടുപ്പില്‍ ആവര്‍ത്തിച്ചു. അതേസമയം, രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ നല്കിയ പരാതി, മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലെ വൈരുധ്യം, ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ എന്നിവയെക്കുറിച്ചെല്ലാം അന്വേഷണസംഘം ചോദിച്ചറിഞ്ഞു.
 
ഭര്‍ത്താവിനെ മാറ്റി യുവതിയെ ഒറ്റയ്ക്കായിരുന്നു ചോദ്യം ചെയ്തത്. ഇന്‍സ്‌പെക്‌ടര്‍ എലിസബത്ത്, സി പി ഒ പ്രിയ എന്നിവര്‍ക്കൊപ്പം ആണ് എ എസ് പി യുവതിയുടെ മൊഴിയെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതു തന്നെ മൊഴിയെടുപ്പിലും യുവതി ആവര്‍ത്തിച്ചു.

വെബ്ദുനിയ വായിക്കുക