വി എസ് തല്‍ക്കാലം അകത്തു തന്നെ, തീരുമാനം പി ബി എടുക്കും
ഞായര്‍, 5 ഏപ്രില്‍ 2015 (18:23 IST)
പൊളിറ്റ് ബ്യൂറോ നിയമിച്ച കമ്മിഷന്‍ തീരുമാനമെടുക്കുന്നതുവരെ വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് പി ബി കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി വി എസ് അച്യുതാനന്ദന്റെ ഭാവി. കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍കനുസരിച്ചാകും വി എസിനെതിരെ നടപടിയെടുക്കുക.
പ്രായക്കൂടുതല്‍ ഉണ്ടെങ്കിലും പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയില്‍ തുടരാന്‍ അനുവദിക്കുമെന്നും പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുകയാണെങ്കില്‍ വിഎസിന് പ്രതിപക്ഷനേതാവായി തുടരാന്‍ സാധിക്കുമെന്നു കാരാട്ട് സൂചന നല്‍കി. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പ്രകാശ കാരാട്ട് പറഞ്ഞത്. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം കേരളത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കുമെന്നും എല്‍ ഡി എഫ് വിട്ടുപോയ കക്ഷികള്‍ക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ പരിഗണിക്കുമെന്നും കാരാട്ട് പറഞ്ഞു.
എന്നാല്‍ ഇക്കാര്യങ്ങള്‍ എങ്ങനെ, എപ്പോള്‍ തീരമാനമെടുക്കണമെന്ന കാര്യം സംസ്ഥാന സമിതി തീരുമാനിക്കും. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയോട് മൃദുസമീപനമില്ലെന്നും കാരാട്ട് വ്യക്തമാക്കി.