കസബയെ പിടികൂടിയ റോസക്കുട്ടിക്ക് കലിപ്പ് തീരുന്നില്ല; ടിവി സീരിയലുകളെ നിയന്ത്രിക്കുമെന്ന് വനിതാ കമ്മീഷൻ

ബുധന്‍, 20 ജൂലൈ 2016 (16:06 IST)
സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ച് മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ വനിതാ കമ്മിഷൻ സീരിയലുകളെയും നിയന്ത്രിക്കാന്‍ ഒരുങ്ങുന്നു. സീരിയലുകളിൽ സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങൾ വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സീരിയൽ രംഗത്തെ സംഘടനകളുമായി ചർച്ചനടത്തി തുടർന‌ടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കെസി റോസക്കുട്ടി വ്യക്തമാക്കി.

ലുകളിൽ സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങൾ ഗൌരവപരമായി തന്നെ കാണും. ഒരു സീരിയലില്‍ മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് സീരിയലുകള്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും സ്‌ക്രിപ്‌റ്റ് മുന്‍കൂട്ടി പരിശോധിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന്‍ മുന്നോട്ടു വച്ചിരിന്നുവെങ്കിലും വേണ്ടവിധം നടപ്പായില്ലെന്നും റോസക്കുട്ടി വ്യക്തമാക്കി. മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവര്‍.

നേരത്തെ നിഥിൻ രൺജിപണിക്കർ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്കെതിരെ വനിത കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. സിനിമയിൽ സത്രീത്വത്തെ അപമാനിച്ചുവെന്നാണ് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീക‌ളെ അവഹേളിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.

കസബയുടെ സംവിധായകൻ നിഥിൻ, നായകൻ മമ്മൂട്ടി, നിർമാതാവ് ആലിസ് ജോർജ് എന്നിവർക്കെതിരെയാണ് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. കെ സി റോസാക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാക്കമ്മീഷൻ യോഗത്തിലാണ് നോട്ടീസ് സംബന്ധിച്ച് തീരുമാനമായത്. ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാന്ത്ര്യമല്ലെന്നും യോഗത്തിൽ ഉയർന്നു വന്നു.

കസബയിലെ അശ്ശീല സംഭാഷണങ്ങൾക്കെതിരെ റോസക്കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. അത്തരം ഡയലോഗുകൾ മമ്മൂട്ടിയെ പോലൊരാൾ പറയാൻ പാടില്ലായിരുന്നുവെന്നും റോസാക്കുട്ടി വ്യക്തമാക്കിയിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക