സുനാമി ഭവന പദ്ധതികളുടെ പുനരുദ്ധാരണത്തിന് 38.5 ലക്ഷം രൂപ

തിങ്കള്‍, 23 മാര്‍ച്ച് 2015 (19:45 IST)
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സുനാമി പുനരധിവാസ പദ്ധതി പ്രദേശത്തെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് 38.5 ലക്ഷം രൂപ അനുവദിച്ചതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ബീമാപളളി ഹൗസിംഗ് പ്രോജക്ടിന് 37,50,000 രൂപയും കൊല്ലം ജില്ലയിലെ ഓംചേരി മഠത്തില്‍ സുനാമി സൈറ്റിന് 98,000 രൂപയുമാണ് അനുവദിച്ചിട്ടുളളത്.

2008 ല്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ 31 വീടുകള്‍ വെളള പൂശാത്തതും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ് എന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കാലവര്‍ഷത്തിനു മുമ്പ് വീടുകളുടെ ചോര്‍ച്ച മാറ്റുന്നതിനും വെളളപൂശി വൃത്തിയാക്കുന്നതിനും അടിയന്തമായി പണം അനുവദിച്ചിട്ടുളളത്. സംസ്ഥാനത്തെ ചില സുനാമി സൈറ്റുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞതുമൂലം മാലിന്യപ്രശ്‌നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതു സംബന്ധിച്ച് പഠിച്ച് എസ്റ്റിമേറ്റു സഹിതം റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതനുസരിച്ച് കൊല്ലം ജില്ലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ശക്തികുളങ്ങര വില്ലേജിലെ ഓംചേരി മഠം ഭവന പദ്ധതി സൈറ്റില്‍ 112 വീടുകളുടെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ് പരിസര പ്രദേശങ്ങളില്‍ രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി കളക്ടറുടെ റിപ്പോര്‍ട്ടുണ്ട്. അടിയന്തരമായി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത പ്രവൃത്തികള്‍ക്കായി 98,000 രൂപ അനുവദിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക