ഹരിത ഓഫീസ് പ്രഖ്യാപനം ജനുവരി 26ന്

ശ്രീനു എസ്

ശനി, 19 ഡിസം‌ബര്‍ 2020 (07:40 IST)
സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ വിതരണവും ജനുവരി 26ന് നടക്കും. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്-ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനരുപയോഗിക്കാനും പുനഃചംക്രമണം നടത്തുന്നതിനും സാധ്യമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓഫീസുകളെയാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. 
 
ഇത്തരം ഓഫീസുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.  ഇതിന്റെ ഭാഗമായി ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്.  ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്- ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ നിരോധനം, പ്രകൃതി സൗഹൃദ പാത്രങ്ങള്‍ സജ്ജീകരിക്കല്‍, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകളും ഇ-മാലിന്യങ്ങളും നീക്കം ചെയ്യല്‍, ജൈവ-അജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കല്‍, ലഭ്യമായ സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടവും പൂന്തോട്ടവും സജ്ജീകരിക്കല്‍, ക്യാന്റീനും ഭക്ഷണമുറിയും ഹരിതാഭമാക്കല്‍, ജലം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനം, വൈദ്യുതി ലാഭിക്കല്‍, പൊടിരഹിത ഓഫീസ്, ശുചിമുറി സൗഹൃദമായ ഓഫീസ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ ഹരിത ഓഫീസുകളിലുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍