പന്ത് ജേക്കബ് തോമസിന്റെ കോര്‍ട്ടില്‍; ടൈറ്റാനിയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യം ‘ടൈറ്റാ’കും

വെള്ളി, 22 ജൂലൈ 2016 (18:07 IST)
കോണ്‍ഗ്രസിലെ അതിശക്തരായ ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും ലക്ഷ്യമിട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കരുക്കള്‍ നീക്കിത്തുടങ്ങി. ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്‍റിൽ അഴിമതി നടന്നതിന്റെ തെളിവുകള്‍ ലഭ്യമായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമായതോടെയാണ് പുതിയ സാഹചര്യത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായത്.

ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്‍റിൽ നടന്ന റെയ്‌ഡിന് ശേഷമാണ് ആവശ്യമായ തെളിവുകള്‍ ലഭ്യമായെന്ന് ജേക്കബ് തോമസ് പറഞ്ഞത്.  അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയിലെ മലിനീകരണ നിയന്ത്രണ പ്ലാന്‍റിനായി 2011ൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കാതെ പ്ലാന്റില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണം നേരിടുന്ന കേസാണ് ഇത്.

പ്ലാന്‍റിനായുള്ള ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചിരുന്നത്. മെക്കോൺ എന്ന കമ്പനിക്കായിരുന്നു മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കരാർ നൽകിയിരുന്നത്. എന്നാല്‍ ഈ കരാര്‍ നല്‍കിയത് മൂലം 127 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി‌.

അഴിമതി നടന്നുവെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ സെബസ്റ്റ്യന്‍ ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം. ഉമ്മന്‍ചാണ്ടി അന്ന് മുഖ്യമന്ത്രിയും വികെ ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരുന്നു. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെകെ രാമചന്ദ്രനില്‍, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തി പദ്ധതിക്ക് അനുമതി വാങ്ങിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

വെബ്ദുനിയ വായിക്കുക