കോട്ടയത്ത് മൂന്ന് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു; പരിശോധന തുടരുന്നു

വെള്ളി, 21 ഓഗസ്റ്റ് 2015 (10:22 IST)
കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ മൂന്നു ട്രെയിനുകൾ മുന്നില്‍ ബൈക്കും കമ്പിയും ഇട്ടയാളെ തിരിച്ചറിഞ്ഞു. പൂവൻതുരുത്ത് സ്വദേശി ദീപു കെ തങ്കപ്പനാണ് ബൈക്ക് കൊണ്ടുവന്നത്. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സംശയം. അതേസമയം, ചിങ്ങവനത്ത് റയിൽവേയുടെ വൈദ്യുതി ലൈൻ തകരാറിലാക്കുന്നതിനും ശ്രമം നടന്നിരുന്നുവെന്ന് റയിൽവേ അധികൃതർ വ്യക്തമാക്കി.

റയിൽവേ പൊലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും സംയുക്ത പരിശോധന സംഭവസ്ഥലത്ത് നടക്കുകയാണ്. മലബാര്‍, അമൃത, ദീബ്രുഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയുമാണ് ആക്രമണം നടന്നത്. ബൈക്ക് തള്ളിക്കയറ്റിയും കല്ലുകളും ഇരുമ്പുകമ്പിയും റെയിൽവേ സാമഗ്രികളും ഉപയോഗിച്ചാണ് അപായശ്രമം നടന്നത്.

ട്രെയിനിന് നേരെ ആദ്യം ആക്രമണം നടത്തിയത് വ്യാഴാഴ്‌ച രാത്രി 11മണിക്ക് ചിങ്ങവനത്താണ്. രണ്ടാമത്തേക്ക് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയും മുന്നാമത്തെ ശ്രമം 4.30തോടെയുമാണ്. 5 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ അകലത്തിലാണ് ഈ മൂന്ന് അപായ ശ്രമങ്ങളും നടന്നത്.

തിരുവനന്തപുരം-മംഗലാപുരം മലബാർ എകസ്പ്രസിനു മുമ്പിലൂടെ ട്രെയിന്‍ ഓടിച്ചെത്തുകയും ട്രെയിന്‍ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് പാളത്തില്‍ ഉപേക്ഷിച്ച് പോകുകയുമായിരുന്നു. തുടര്‍ന്‍ ട്രെയിന്‍ ബൈക്കിന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. പാളത്തിൽ കിടന്ന ബൈക്കിനെ ട്രെയിൻ കുറേദൂരം തള്ളിനീക്കി .ടെയിൻ നിർത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ അന്വേഷിക്കാനെത്തിയ റയിൽവേ ഉദ്യേഗസ്ഥന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും വാഹനത്തിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്‌തിരുന്നു.

പാളത്തിൽ സർവ്വേക്കല്ല് കയറ്റിവച്ചാണ് അമൃതാ എക്‌സപ്രസ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ട്രാക്കിന് കുറുകെ കമ്പികെട്ടിയാണ് ദീബ്രുഗഡ് എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് റെയിൽവേ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ പൊലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് നടക്കുകയാണ്. മാനസികവിഭ്രാന്തിയുള്ള ആളാണ് സംഭവത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക