സെന്‍‌കുമാര്‍ തിരിച്ചെത്തിയേക്കും; തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി - സേനയില്‍ വീണ്ടും അഴിച്ചുപണി

വ്യാഴം, 4 മെയ് 2017 (17:47 IST)
പൊലീസ്​ തലപ്പത്ത്​ സർക്കാർ വൻ അഴിച്ചുപണി നടത്തുന്നു. ടോമിൻ തച്ചങ്കരിയെ പൊലീസ്​ ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. ടിപി സെന്‍‌കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടിവരുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് തലപ്പത്ത് അഴിച്ചു പണികള്‍ നടത്തിയത്.

നിലവിൽ പൊലീസ്​ ആസ്ഥാനത്തെ എഡിജിപിയായ അനിൽകാന്തിനെ​ വിജിലൻസ്​ എഡിജിപിയാക്കി.

ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസഷൻ കോർപറേഷൻ (കെപിഎച്ച്സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ ഷഫീൻ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയൻസ്) ആയി നിയമിച്ചു.

എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റൽ പൊലീസിന്റെ അധിക ചുമതല നൽകിയപ്പോള്‍ പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കൽരാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്പി ആയി നിയമിച്ചു.

മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായി നിയമിച്ചു. കോസ്റ്റൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹരി ശങ്കറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി നിയമിച്ചു.

ഡിജിപിയായി ടിപി സെൻകുമാർ തിരിച്ചെത്തുന്നതി​ൻറെ ഭാഗമായാണ്​ പൊലീസ്​ തലപ്പത്ത്​ സർക്കാർ അഴിച്ചുപണി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക