വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയ കേസ്: സെന്‍കുമാറിനെ 14വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

ബുധന്‍, 30 ഓഗസ്റ്റ് 2017 (16:32 IST)
വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ അടുത്ത മാസം 14വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം.

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചികിത്സയുടെ പേരിൽ എട്ടു മാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സർക്കാരിൽനിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാൻ ശ്രമിച്ചെന്നാണ് സെൻകുമാറിനെതിരായ പരാതി.

പരാതിയിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിർദേശപ്രകാരമായിരുന്നു കേസ്.

വെബ്ദുനിയ വായിക്കുക