തോമസ് ചാണ്ടിയുടെ രാജി: നിബന്ധനകള്‍ വെച്ച് എന്‍സിപി, നിലപാട് കടുപ്പിച്ച് സിപിഐ - നിര്‍ണായക ഇടത് യോഗം ഇന്ന്
ഞായര്‍, 12 നവംബര്‍ 2017 (10:42 IST)
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം എകെജി സെന്ററിലാണു യോഗം. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായതോടെ എൻസിപി ഒഴികെയുള്ള രാജി ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണു റിപ്പോര്‍ട്ട്.
തോമസ് ചാണ്ടി പ്രശ്നം ഇടതുമുന്നണിക്ക് വിടാൻ ഇന്നലെ നടന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്.
യോഗത്തിൽ പ്രശ്നം സങ്കീർണമാകുമെന്നാണ് വിലയിരുത്തല്‍. മന്ത്രി രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് എൻസിപിയുള്ളത്. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് സിപിഐ. ഇതേ അഭിപ്രായം തന്നെയാണ് സിപിഎമ്മിനുമുള്ളത്.
തോമസ് ചാണ്ടി തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമെന്നാണ് സിപിഎമ്മും സിപിഐയും ഉറച്ചു വിശ്വസിക്കുന്നത്. രാജി വൈകിയാൽ മുന്നണിക്കും പാർട്ടിക്കും കളങ്കമാകുമെന്നാണ് പൊതുവേയുള്ള നിലപാട്.
തോമസ് ചാണ്ടി രാജിവച്ചാല്‍ ലൈംഗികാരോപണത്തില്‍പ്പെട്ട എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാൽ മന്ത്രിയാക്കാമെന്ന ഉറപ്പ് എന്‍സിപി ആവശ്യപ്പെടും. ഇതിന് എല്‍ ഡി എഫ് യോഗം സമ്മതം മൂളിയാല്‍ ചാണ്ടിയുടെ രാജി ഉടനുണ്ടാകും.