വരുന്ന മേയ് 16 നു നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 12,038 പോളിംഗ് ബൂത്തു കേന്ദ്രങ്ങളുണ്ടാവും. ഇവയില്‍ എല്ലാം കൂടി 21,498 പോളിംഗ് ബൂത്തുകളാണുള്ളത്. അതേ സമയം പുരുഷന്മാര്‍ക്കൊപ്പം വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് പ്രത്യേക പോളിംഗ് ബൂത്തുകള്‍ ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
പൊതു ബൂത്തുകള്‍ക്ക് സമീപത്താവും ഇവയുടെ സ്ഥാനം. ഇതിനൊപ്പം ഇവിടത്തെ പോളിംഗ് ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും. വലിയ ഗ്രാമങ്ങളില്‍ രണ്ട് ബൂത്തുകളില്‍ ഒന്ന് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും.
തെരഞ്ഞെടുപ്പിനായി ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ നിയമിക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ഇതിനൊപ്പം തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി കേന്ദ്ര സേനാ വിഭാഗവും ഉണ്ടാവും. കേന്ദ്ര സേനയുടെ കാവല്‍ ഇല്ലാത്ത എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ്, സി.സി.ടി.വി, സൂക്ഷ്മ നിരീക്ഷകര്‍ എന്നിവയില്‍ ഏതെങ്കിലും സംവിധാനം ഉണ്ടാവും.
ഇതിനൊപ്പം പോളിംഗ് കഴിഞ്ഞ ശേഷവും പോളിംഗ് സാമഗ്രികള്‍ തിരികെ ഏല്‍പ്പിക്കുന്നതു വരെയുള്ള വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ എസ് എം എസ് സംവിധാനം ഉണ്ടാവും. വോട്ടിംഗ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാകും.