പോരാട്ടം അരങ്ങിലേക്ക് ; തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി ; 29 വരെ പത്രിക നല്‍കാം

വെള്ളി, 22 ഏപ്രില്‍ 2016 (08:39 IST)
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. പത്രികസമര്‍പ്പണവും ഇന്ന് ആരംഭിക്കും. സ്ഥാനാര്‍ഥികള്‍ നേരത്തേ കളത്തിലിറങ്ങിയാല്‍ ആദ്യദിവസം മുതല്‍ പത്രികസമര്‍പ്പണം ഊര്‍ജിതമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുനഃപ്രസിദ്ധീകരിക്കും.
 
തിരുവനന്തപുരത്ത് ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കോണ്‍ഗ്രസിലെ കെ മുരളീധരന്‍ അടക്കമുള്ളവര്‍ ആദ്യദിവസം പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. പത്രികസമര്‍പ്പണത്തോടെ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 29 വരെയാണ് പത്രിക സ്വീകരിക്കുക. ഇത്തവണ വളരെ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ, അണിയറയിലെ പ്രവർത്തനങ്ങൾ അന്നുതന്നെ തുടങ്ങിയിരുന്നു. സ്ഥാനാർത്ഥികൾ പല ഘട്ടങ്ങളിലെ പ്രചാരണവും പൂർത്തിയാക്കി. പത്രികാസമർപ്പണത്തോടെ അവസാനഘട്ട പ്രചാരണത്തിനാണ് തുടക്കംകുറിക്കുന്നത്. ഇനി മൂന്നാഴ്ച കേരളത്തിന്റെ മുക്കും മൂലയും ഇളക്കിമറിച്ചുള്ള പ്രചാരണമാണ് കാത്തിരിക്കുന്നത്.
 
മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം വരുന്നത് ഇപ്പോഴാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും അവസാനഘട്ടത്തിലാവുകയായിരുന്നു. ഏപ്രില്‍ 30ന് പത്രിക സൂക്ഷ്മപരിശോധന നടത്തും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. സ്ഥാനാര്‍ഥികള്‍ക്ക് അന്ന് വൈകീട്ട് മൂന്നിനുശേഷം ചിഹ്നം അനുവദിക്കും. പുതിയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും മേയ് രണ്ടിന് മാത്രമേ ചിഹ്നം കിട്ടൂ. മേയ് 16നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മുഴുവന്‍ ഒറ്റ ദിവസമാണ് വോട്ടെടുപ്പ്. 19ന് വോട്ട് എണ്ണലും നടക്കും. ഇക്കുറി വോട്ടുയന്ത്രത്തിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥികളുടെ ചിത്രമുണ്ടാകും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്റെ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും. നോട്ടക്ക് ഇക്കുറി ചിഹ്നം വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക