സംസ്ഥാനത്ത് 1233 പ്രശ്നബാധിത ബൂത്തുകളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ചൊവ്വ, 3 മെയ് 2016 (10:55 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബൂത്തുകളില്‍ 1233 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.നസീം സെയ്ദി വെളിപ്പെടുത്തി. എന്നാല്‍ ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ കേന്ദ്ര സേനയുടെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കമ്മീഷന് പൂര്‍ണ്ണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നബാധിത ബൂത്തുകള്‍ ഏറെയും വടക്കന്‍ ജില്ലകളിലാണുള്ളത്.
കളക്ടര്‍മാര്‍, എസ്.പി മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്ത ശേഷം പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം വിപുലീകരിക്കേണ്ടതുണ്ടോ എന്നും പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.