തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ബി ജെ പിഅംഗമായ ചന്ദ്രന്‍ (52) ഷോക്കേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു ഷോക്കേറ്റത്. പാപ്പനംകോട് തെക്കെകൈമനത്ത് സൗദാ ഭവനില്‍ പരേതനായ കോവളം കൃഷ്ണന്റെയും ഓമനയുടെയും മകനാണ് ചന്ദ്രന്‍.കുളികഴിഞ്ഞ ശേഷം വസ്ത്രത്തില്‍ ഇസ്തിരി ഇടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
രാവിലെ ചന്ദ്രനെ തേടിവന്ന സുഹ്യത്താണ് ഷോക്കേറ്റ് കിടക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുവനന്തപുരം നഗരസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി.നദ്ദ, മന്ത്രി വി എസ്. ശിവകുമാര്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, ബി ജെ പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, മേയര്‍ വി കെ പ്രശാന്ത്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം എസ് രേമേശന്‍, നഗരസഭാ യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ജോണ്‍സന്‍ ജോസഫ്, വി ശിവന്‍കുട്ടി എംഎല്‍എ, ആന്റണി രാജു, നഗരസഭ ജിവനക്കാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അഡ്വ.ആര്‍. ഉണ്ണികൃഷ്ണനെ 505 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചന്ദ്രന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് ശസ്ത്രക്രിയയ്ക്കുവേണ്ടി സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന രക്തദാനക്യാമ്പില്‍ എത്തി ചന്ദ്രന്‍ രക്തം നല്‍കിയിരുന്നു. അവിവാഹിതനാണ് ചന്ദ്രന്‍. സൗദാമിനി, രാജന്‍, അമ്പിളി എന്നിവര്‍ സഹോദരങ്ങളാണ്.