പ്രധാനാദ്ധ്യാപികയുടെ സ്ഥലംമാറ്റത്തില്‍ സ്റ്റേയില്ല

വ്യാഴം, 26 ജൂണ്‍ 2014 (14:46 IST)
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്രധാനാദ്ധ്യാപിക കെകെ ഊർമിളാദേവിയുടെ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലിൽ സ്വീകരിച്ചു. എന്നാൽ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒന്നര മണിക്കൂര്‍ വൈകിവന്ന വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ചതിന്റെ പേരിലാണ് കെകെ ഊർമിളാദേവിക്ക് എതിരെ നടപടി വന്നത്. അതേസമയം അദ്ധ്യാപികയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ അദ്ധ്യാപികയ്ക്ക് പകരം ആൾ ഹെഡ്മിസ്ട്രിന്റെ സ്ഥാനം ഏറ്റെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.

കോട്ടൺഹിൽ സ്കൂളില്‍ ആദ്യമായാണ് ഒരു പട്ടികജാതിക്കാരി സ്കൂളിന്റെ പ്രധാനദ്ധ്യാപികയാവുന്നത്. ഇതില്‍ അസൂയയും വര്‍ഗിയതയും ഉള്ളവരാണ് തന്നെ പീഡിപ്പിക്കുന്നതെന്ന് ഊർമിളാദേവി ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക