സംസ്ഥാന പൊലീസ് സേനയില്‍ വ്യായാമം നിര്‍ബന്ധമാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിനും ജോലിയുടെ സ്വഭാവം മൂലമുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ശാരീരിക വ്യായാമ പരിശീലനത്തിന് നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ള 50 വയസ്സു വരെയുള്ള എല്ലാ ഉദ്യോഗസ്ഥരും എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ 7 മണി മുതല്‍ 7.45 വരെ ശാരീരിക വ്യായാമ പരിശീലനം നടത്തണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അതേ സമയം 50 വയസിനു മുകളില്‍ ഉള്ളവര്‍ക്കും താത്പര്യമുണ്ടെങ്കില്‍ പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.
ലളിതമായ വ്യായാമ മുറകളാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. അസ്വാസ്ഥ്യ ജനകമോ അനാരോഗ്യകരമോ ആയ വ്യായാമ മുറകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. പരിശീലനത്തിന്‍റെ പകുതി സമയം യോഗാഭ്യാസവും ബാക്കി പകുതി ശാരീരിക വ്യായാമ മുറകളുമാവണം.
ഇതിന് യൂണിഫോം നിര്‍ബന്ധമല്ല. പരിശീലനത്തിന് ഏര്‍പ്പെടുന്നതിനു മുമ്പ് എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തണം എന്നും സര്‍ക്കുലറില്‍ വിവരിച്ചിട്ടുണ്ട്.