കഞ്ഞികുടി മുട്ടിച്ച് അരിവില; ഏഴു രൂപവരെ കൂടുമെന്ന് മന്ത്രി
സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ആറുമുതല്‍ ഏഴു രൂപവരെ ഒരു കിലോ അരിക്ക് ഒറ്റയടിക്ക് കൂടുമെന്നാണ് ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. റെയിൽവേ ചരക്ക് കൂലി വർദ്ധിപ്പിച്ചതാണ് ഇത്തരത്തിലൊരു വർദ്ധനയ്ക്ക് കാരണമായി അദ്ദേഹം പറഞ്ഞത്.
റെയിൽവേ യാത്രാ- ചരക്ക് കൂലി വർദ്ധനയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും. സംസ്ഥാനത്ത് 90 ശതമാനം അരിയും കേരളത്തിലെത്തുന്നത് റെയിൽ മാർഗമാണെന്നും മന്ത്രി പറഞ്ഞു. ചരക്ക് കൂലി വർദ്ധിപ്പിച്ചത് ജനവിരുദ്ധമായ നടപടിയാണ്. അതിനാൽ തന്നെ കേന്ദ്രസർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദെഹം പറഞ്ഞു.