ഡിഎൽഎഫ് കൊച്ചിയിലെ ചിലവന്നൂർ കായല്‍ കൈയേറി നിർമിച്ച ഫ്ലാറ്റിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കാര്യത്തില്‍ ആവശ്യമായ പഠനം നടത്തി അഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
തീരദേശ നിയന്ത്രണ നിയമം ലംഘിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
ഡി.എൽ.എഫിന് ഫ്ളാറ്റിന് നിർമിക്കാൻ അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.